ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും; ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി പൊതു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

വരുന്ന 10 മുതൽ 15 വർഷത്തിനുള്ളിൽ രാജ്യം, ആഗോളതലത്തിൽ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ അടുത്തിടെ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പ്രാധാന്യം ധനമന്ത്രി പങ്കുവെച്ചിരുന്നു. ‘ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിൽ യുഎസുമായുള്ള ബന്ധത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഇടയ്ക്കിടെയുണ്ടാകാറുള്ള സുപ്രധാനമായാ ഇടപെടലുകളിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയ മാനം ഉണ്ടായെന്നും അവ കൂടുതൽ ശക്തിപ്പെട്ടെന്നും നിർമ്മലാ സീതാരാമൻ വിശദമാക്കി.