സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ല; പുനഃപരിശോധനാ ഹർജി നൽകാൻ തമിഴ്‌നാട് സർക്കാർ

ചെന്നൈ: സാമ്പത്തിക സംവരണ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ തമിഴ്‌നാട് സർക്കാർ. ഡിഎംകെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പ്രത്യേകം ഹർജി നൽകുമെന്നാണ് റിപ്പോർട്ടുകൾ. പുനപരിശോധനാ ഹർജി നൽകാനുള്ള പ്രമേയം പാർലമെന്ററി പാർട്ടി പ്രതിനിധികളുടെ യോഗം പാസാക്കിയിട്ടുണ്ട്. സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.

ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു. ഭരണഘടനാ ശിൽപ്പികളുടേയും രാഷ്ട്രശിൽപ്പികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം. അടിസ്ഥാന ജനങ്ങളുടെ മുന്നേറ്റത്തിൽ നിയമങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നും അദ്ദേഹം വിശദീകരിച്ചു.

എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവർ എങ്ങനെ പാവപ്പെട്ടവരാകുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.