തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തിൽ തീർഥാടനത്തിന് തയ്യാറെടുക്കുന്നവർ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ചുവടെയുളള കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവ ഉള്ളവർ മലകയറ്റം ഒഴിവാക്കണം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയരോഗങ്ങൾ ഉള്ളവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ചികിത്സാരേഖകൾ എന്നിവ കയ്യിൽ കരുതണം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവിൽ കഴിക്കുന്ന മരുന്നുകൾ നിർത്തരുത്.
മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുൻപ് മുതൽ ദിവസവും അരമണിക്കൂർ നടത്തം/ജോഗിംഗ് ശീലമാക്കി ശാരീരികക്ഷമത ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ യാത്ര ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ തീർത്ഥാടനത്തിനു മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം.

