ദുബായ്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ഭരണത്തിൽ എല്ലായിടത്തും പിൻവാതിൽ നിയമനം നടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കത്ത് വിവാദത്തിൽ തെറ്റ് ചെയ്തവരെ പാർട്ടി ഇടപെട്ട് സംരക്ഷിക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് ഗുരുതര കുറ്റകൃത്യത്തെ വെള്ളപൂശാനാണ്. തെറ്റ് ചെയ്തവരെ സിപിഎം സംരക്ഷിക്കുകയാണ്. കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനവൂർ നാഗപ്പനെ ഫോണിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ആനവൂർ വലിയ പ്രിവിലേജുള്ള ആളാണല്ലോയെന്നും അദ്ദേഹം അറിയിച്ചു.
കത്ത് വ്യാജമെന്ന് എങ്ങനെ പറയാനാകും. കത്ത് ആകാശത്തു നിന്ന് പൊട്ടിവീണതാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഏത് അന്വേഷണം നടത്തിയാലും സിപിഎമ്മുകാരിലെത്തി നിൽക്കുമെന്ന സ്ഥിതിയിൽ ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ല. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോരിലും അദ്ദേഹം പ്രതികരണം നടത്തി. പ്രതിപക്ഷം ഗവർണർക്ക് ഒപ്പമാണോ സർക്കാരിനൊപ്പമാണോയെന്ന ചോദ്യത്തിൽ അർത്ഥമില്ല. ഗവർണർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് വിഷയധിഷ്ഠിതമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയെ പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടപ്പോൾ ആദ്യമെതിർത്തത് പ്രതിപക്ഷമാണ്. സർവകലാശാലകളിൽ ഗവൺമെന്റ് തന്നെ അനിശ്ചിതത്വം ഉണ്ടാക്കുകയാണ്. ഓർഡിനൻസിന്റെ മറവിൽ സർവകലാശാലകളെ മാർക്‌സിസ്റ്റ്വത്ക്കരിക്കാൻ അനുവദിക്കില്ല. ഗവർണർ സർവകലാശാലകളെ സംഘവൽക്കരിക്കാൻ ശ്രമിച്ചാലും എതിർക്കും. സുപ്രീം കോടതി വിധിയനുസരിച്ച് വൈസ് ചാൻസിലർ നിയമനം നടക്കട്ടേയെന്നതാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

