ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

സാന്‍ഫ്രാന്‍സിസ്‌കോ: ആമസോണ്‍ ചെലവ് ചുരുക്കല്‍ നടപടിക്കൊരുങ്ങുന്നു. കമ്ബനിയുടെ ലാഭകരമല്ലാത്ത ബിസിനസ്സ് യൂണിറ്റുകള്‍, പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അടച്ചുപൂട്ടാന്‍ സാധ്യതയുണ്ട്. ആമസോണ്‍ ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ജാസിയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തങ്ങളുടെയും ലാഭ നഷ്ടങ്ങളുടെയും പരിശോധനയ്ക്ക് നേതൃത്വം നല്‍കുക.

ആമസോണിന്റെ കീഴിലുള്ള ഉപസ്ഥാപനങ്ങളില്‍ ലാഭം ഉണ്ടാക്കാത്തവയെ കണ്ടെത്തി അവയുടെ പ്രകടനം വിലയിരുത്തിയ ശേഷം ലാഭ സാധ്യത ഇല്ലെങ്കില്‍ അടച്ചുപൂട്ടാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ലാഭകരമല്ലാത്ത ചില യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താന്‍ ആമസോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനം ആമസോണ്‍ അടച്ചുപൂട്ടിയേക്കും.

എന്നാല്‍, ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളോട് ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയില്‍ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതും ആഗോള മാന്ദ്യത്തിന്റെ ഭീഷണിയും മറ്റ് കമ്ബനികളെ പോലെ ആമസോണിനെയും ബാധിച്ചിട്ടുണ്ട്. വലിയ ടെക് കമ്ബനികള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു.