പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് നളിനി; പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് നിരാശാജനകമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായതില്‍ പ്രതികരിച്ച് നളിനി ശ്രീഹരന്‍. ‘ഞാന്‍ ഒരു തീവ്രവാദിയല്ലെന്ന് എനിക്കറിയാം. ഞാന്‍ വര്‍ഷങ്ങളായി ജയിലില്‍ നരകിക്കുകയായിരുന്നു. കഴിഞ്ഞ 32 മണിക്കൂറുകള്‍ എനിക്ക് അഗ്‌നിപരീക്ഷ പോലെയായിരുന്നു. എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. തമിഴ്നാട്ടിലെ ജനങ്ങളോടും, അഭിഭാഷകരോടും എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദി പറയുന്നു’- നളിനി പ്രതികരിച്ചു.

നളിനി ഉള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളും ഇതോടെ മോചിതരായി. സുപ്രീംകോടതി ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെയാണ് കേസ് ഇന്ന് പരിഗണിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന 6 പേരുടെ നല്ല പെരുമാറ്റം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത കോടതി കേസില്‍ നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട പേരറിവാളനെപ്പോലെ ഈ 6 പേര്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. 2000ല്‍ നളിനിയുടെയും 2014 ല്‍ പേരറിവാളന്‍ ഉള്‍പ്പെടെ മൂന്നു പേരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.

അതേസമയം, പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് നിരാശാജനകമെന്നും നടപടി അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം തീര്‍ത്തും അസ്വീകാര്യവും തെറ്റായതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരുമാനം അസ്വീകാര്യമാണ്. രാജ്യത്തിന്റെ നിലപാടിനൊപ്പം നിന്ന് സുപ്രീംകോടതി ഔചിത്യപൂര്‍വം പെരുമാറിയില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.