പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ സൂം സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുന്നു. വീഡിയോ കോളിന് പുറമേ, സൂം മെയില്‍, കലണ്ടര്‍ എന്നീ സേവനങ്ങളാണ് അവതരിപ്പിക്കുക.
നിലവില്‍, പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുളള ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനങ്ങള്‍ വിജയിക്കുന്നതോടെ, എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ ലഭിച്ചു തുടങ്ങും. യുഎസ്, കാനഡ എന്നിവിടങ്ങളില്‍ സൂം വണ്‍ പ്രോ, സൂം സ്റ്റാന്‍ഡേര്‍ഡ് പ്രോ എന്നീ ഉപഭോക്താക്കള്‍ക്ക് അധിക ചിലവില്ലാതെ സൂം മെയില്‍, കലണ്ടര്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. സൂം മെയിലിലൂടെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യവും ലഭിക്കും. വിവിധ പ്ലാനുകള്‍ക്ക് അനുസൃതമായി ഉപയോക്താക്കള്‍ക്ക് 15 ജിബി മുതല്‍ 100 ജിബി വരെയാണ് സ്റ്റോറേജ് സൗകര്യം ലഭിക്കുക.
പുതുതായി അവതരിപ്പിക്കുന്ന കലണ്ടറില്‍ സൂം മീറ്റിംഗ്, ഷെഡ്യൂളിംഗ്, സൂം മീറ്റിംഗില്‍ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ സാധിക്കും. കൂടാതെ, സഹപ്രവര്‍ത്തകര്‍ക്ക് വീഡിയോ കോളിലൂടെ ആശയവിനിമയം നടത്താന്‍ ‘സൂം സ്പോര്‍ട്സ്’ എന്ന പേരില്‍ വെര്‍ച്വല്‍ ഇന്ററാക്ഷന് പ്ലാറ്റ്ഫോമും ഉടന്‍ തന്നെ കമ്ബനി അവതരിപ്പിക്കും.

