കൊച്ചി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പ്രശ്നത്തിനാണ് കോടതി പ്രിയാ വർഗീസിനെതിരെ വിമർശനം ഉന്നയിച്ചത്. പ്രിയാ വർഗീസിനെതിരെ ചില ചോദ്യങ്ങളും കോടതി ഉന്നയിച്ചിരുന്നു.
എൻഎസ്എസ് പ്രവർത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. സ്റ്റുഡന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലുളള കാലയളവിൽ പഠിപ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുളള ഒരു ജോലിയാണ്. കോടതി എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി. അദ്ധ്യാപന പരിചയം എന്നാൽ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. പ്രിയാ വർഗീസിന്റെ അദ്ധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ സർവകലാശാല രജിസ്ട്രാറോടും കോടതി നിലപാടറിയിച്ചിരുന്നു.

