കെ സുധാകരന്റേത് ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനം; വിമർശനവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്റെ പ്രസ്താവനയെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. കെ സുധാകരന്റേത് ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്ന് അദ്ദേഹം ആരോപിച്ചു.

സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനുള്ള ആദ്യ പടിയിലാണ്. കെപിസിസി പ്രസിഡന്റ് മഹാത്മാ ഗാന്ധിയുടെ അനുഭവം മനസിലാക്കിയിരിക്കണം. രാജ്യത്താകെ ആർഎസ്എസും ബിജെപിയും ചെയ്യുന്നത് അറിയാത്ത ആളല്ല സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.