സിറോ മലബാര് സഭ ഭൂമിയിടപാട് കേസില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നറിയിച്ച് ഹൈക്കോടതി. 7 കേസുകളില് കര്ദിനാളിനോട് വിചാരണ നേരിടാന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നേരത്തെ നിര്ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കര്ദിനാള് സമര്പ്പിച്ച ഹര്ജിയാണ് കോടതി തള്ളിയത്. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്ഗീസാണ് ഹര്ജി നല്കിയത്.
അതേസമയം, കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാര്ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ചുമത്തിയിരുന്നു.

