തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനായി ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ഓർഡിനൻസ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണത്തിന്റ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അക്കാദമിക് രംഗത്തെ നിലവാരം ഉയർത്താൻ കൂടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവർണർ നിറവേറ്റും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ആർ ബിന്ദു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇടതു സർക്കാർ ഭരിക്കുമ്പോഴാണ് സർലകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽ മികച്ച ആളുകളെ കൊണ്ടുവന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിശദ പഠനം നടത്തിയ കമ്മിഷൻ റിപ്പോർട്ടുകളിൽ ശുപാർശ ചെയ്തിട്ടുള്ളത് ചാൻസലർ പദവിയിലേക്ക് വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പരിഗണിക്കണമെന്നാണ്.
പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ഇതാണ് സർക്കാർ പരിഗണിച്ചതെന്നും വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് ചാൻസലർ ആയിട്ടുള്ളതെന്നും അതാണ് കേരളത്തിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

