താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്; ബിജെപിയിൽ പോകാൻ തോന്നിയാൽ പോകുമെന്ന് കെ സുധാകരൻ

കണ്ണൂർ: ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ മുൻ പ്രസ്താവനകളിൽ ഉറച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരൻ അറിയിച്ചു.

ഇന്ത്യയിൽ ഏത് പാർട്ടിക്കും മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കും. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ചാൻസർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതിനെ കുറിച്ചും അദ്ദേഹം നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറുടെ അധികാരം നിലനിർത്തി കൊണ്ടു പോകണമെന്നും സർവകലാശാലകളിൽ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓർഡിനൻസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ല് സഭയിൽ വരുമ്പോൾ ശക്തമായി എതിർക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് ഉടൻ യോഗം വിളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.