ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മൻമോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളിൽ രാജ്യം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിൻ ഗഡ്ക്കരി വ്യക്തമാക്കി. ഡൽഹിയിലെ ഒരു അവാർഡ്ദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണം. 1991ൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗ് തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശയാണു കാട്ടിക്കൊടുത്തത്. കാരണം അത് ഉദാര സാമ്പത്തിക നയങ്ങളിലേക്കാണ് വാതിൽ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കും. ഉദാര സാമ്പത്തിക നയങ്ങൾ കർഷകർക്കും ദരിദ്രർക്കും വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.
ഉദാര സാമ്പത്തിക നയങ്ങൾ എങ്ങനെ രാജ്യത്തിന്റെ വികസനത്തിന് സഹായകമാകുമെന്നതിന് ഉത്തമ ഉദാഹരണമാണ് ചൈന. 1990കളുടെ മധ്യത്തിൽ മഹാരാഷ്ട്രയിലെ റോഡുകൾ നിർമിക്കാൻ പണം കണ്ടെത്താൻ അന്നത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ സഹായിച്ചുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

