ന്യൂഡല്ഹി: സ്വകാര്യ അണ് എയ്ഡഡ് മെഡിക്കല് കോളേജുകളിലെ എംബിബിഎസ് കോഴ്സിന് ചുമത്തുന്ന വാര്ഷിക ട്യൂഷന് ഫീസ് 24 ലക്ഷം രൂപയാക്കിയ ആന്ധ്രാപ്രദേശ് സര്ക്കാരിന്റെ തീരുമാനത്തില് വിമര്ശനവുമായി സുപ്രീംകോടതി. വിദ്യാഭ്യാസം പ്രദാനം ചെയ്യുകയെന്നത് ലാഭം കൊയ്യാനുള്ള ഒരു കച്ചവടമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉയര്ന്ന ട്യൂഷന് ഫീസ് ഈടാക്കുന്ന സര്ക്കാര് നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ എം.ആര് ഷാ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, 2011ലെ ട്യൂഷന് ഫീസിനേക്കാള് ഏഴിരട്ടി കൂടുതലാണ് ഇപ്പോള് ചുമത്തുന്ന ട്യൂഷന് ഫീസായ 24 ലക്ഷം രൂപ. 2017 മുതലാണ് തുക ഇത്രയും അധികമായി ഉയര്ത്തിയത്. ഒരിക്കലും ശരിവെക്കാന് കഴിയാത്തതാണ് സംസ്ഥാന സര്ക്കാരിന്റെ ഈ നയമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്ജിക്കാരായ മെഡിക്കല് കോളേജും സംസ്ഥാന സര്ക്കാരും നാഷണല് ലീഗല് സര്വീസ് അതോറിറ്റിക്കും മീഡിയേഷന് ആന്ഡ് കണ്സീലിയേഷന് പ്രോജക്ട് കമ്മിറ്റിക്കുമായി 2.5 ലക്ഷം വീതം രൂപ പിഴയായി നല്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2017 മുതല് വിദ്യാര്ത്ഥികളില് നിന്ന് ഈടാക്കിയ അധിക തുക കണക്കാക്കി തിരികെ നല്കണമെന്ന് മെഡിക്കല് കോളേജുകളോട് നിര്ദ്ദേശിച്ച ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു. എന്നാല്, നിശ്ചിത ട്യൂഷന് ഫീസിനേക്കാള് കൂടുതല് തുക മെഡിക്കല് കോളേജുകള്ക്ക് ചില സാഹചര്യങ്ങളില് മാത്രം ഈടാക്കാമെന്നും കോടതി അറിയിച്ചു. മെഡിക്കല് കോളേജ് നിലകൊള്ളുന്ന സ്ഥലം, പ്രൊഫഷണല് കോഴ്സിന്റെ സ്വഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഇവ പരിപാലിക്കുന്നതിനായുള്ള ചിലവ്, ഇന്സ്റ്റിറ്റിയൂഷന്റെ വളര്ച്ചയ്ക്കും വികസനത്തിനും ആവശ്യമായ തുക തുടങ്ങി നിരവധി മാനദണ്ഡങ്ങള് പരിഗണിച്ചുകൊണ്ട് അധിക ട്യൂഷന് ഫീസ് വിദ്യാര്ത്ഥികളില് നിന്ന് ഈടാക്കുന്നതില് തടസമില്ലെന്നും കോടതി കൂട്ടിച്ചേര്ത്തു.

