കൊല്ലം: കാന്സര് രോഗികള്ക്ക് അതിവേദനയകറ്റാന് നല്കുന്ന തീവ്ര വേദനസംഹാരി ലഹരിക്കായി ഡ്രിപ്പ് ലായനിയില് ലയിപ്പിച്ച് കുത്തിവെക്കുന്നതിനായി ഗുളിക, ഡ്രിപ്പ് ലായനി, സിറിഞ്ച് എന്നിവയടങ്ങിയ കോംബോ പാക്ക് ഡോക്ടര്മാരുടെ കുറിപ്പടി ഒന്നുമില്ലാതെ നല്കി ലഹരി മാഫിയ. ഇത്തരത്തില് വില്ക്കുന്ന ചില മരുന്നുകടകള് ഡ്രഗ്സ് കണ്ട്രോള്, എക്സൈസ് വകുപ്പുകള് കണ്ടെത്തുകയും നിയമനടപടികള് സ്വീകരിക്കുകയും ചെയ്ത് തുടങ്ങി.
കൊല്ലം ജില്ലയിലെ തങ്കശ്ശേരിയില് ഒരു മെഡിക്കല് സ്റ്റോറില് ചുരുങ്ങിയ സമയത്തിനുള്ളില് ആയിരത്തിലേറെ സിറിഞ്ചുകള് വിറ്റതായി കണ്ടെത്തി. കിടപ്പുരോഗികള്ക്കായി വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ടി വരുന്ന ഡ്രിപ്പ് ലായനിയും വേദനസംഹാരിയും ഇതേകടയില് വന്തോതില് ചെലവാകുന്നതായി പരിശോധനയില് കണ്ടെത്തി. കുറിപ്പടിയില്ലാതെ യുവാക്കള്ക്ക് കോംബോ പായ്ക്ക് നല്കുന്നതുംഅന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്പ്പെട്ടു.
അതേസമയം, ഇത്തരം ഗുളികകള് കൊറിയര്, പാഴ്സല് സര്വീസുകള് വഴി നേരിട്ട് കൊണ്ടുവരുന്ന മാഫിയകളുമുണ്ട്. 340 രൂപ വിലയുള്ള 10 ഗുളികകള് 2,000 രൂപയ്ക്കാണ് ഈ സംഘം വില്ക്കുന്നത്. ഇത്തരം കേസുകളും ഡ്രഗ്സ് കണ്ട്രോള് വിഭാഗവും എക്സൈസും ചേര്ന്ന് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഗൂഗിള്പേ വഴി മുന്കൂറായി പണം നല്കിയവര്ക്കാണ് വേദനസംഹാരികള് നല്കുന്നത്.

