വാഷിംങ്ടണ്: അടുത്ത തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്നറിയിച്ച് മുന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് രംഗത്ത്. ‘ഇപ്പോഴത്തെ വളരെ ഗൗരവമായ തെരഞ്ഞെടുപ്പില് നിന്നും ശ്രദ്ധതിരിക്കാന് ഞാന് ഉദ്ദേശിക്കുന്നില്ല. വലിയൊരു പ്രഖ്യാപനം വരുന്ന പതിനഞ്ചിന് ഫ്ലോറിഡയിലെ പാം ബീച്ചില് നടത്തും’- ഓഹയോയില് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില് ട്രംപ് വ്യക്തമാക്കി.
അതേസമയം, 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില് താന് മത്സരിക്കാന് തയ്യാറാണെന്ന കാര്യമായിരിക്കും ട്രംപ് പ്രഖ്യാപിക്കുകയെന്നാണ് വിലയിരുത്തല്. രണ്ട് വട്ടമാണ് ഇതിന് മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില് മത്സരിച്ചത്. 2016 ല് ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി ഹിലാരി ക്ലിന്റനെ തോല്പ്പിച്ച് പ്രസിഡന്റായി. എന്നാല് 2020 ല് നിലവിലെ പ്രസിഡന്റായിരുന്ന ട്രംപ് ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.
ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില് 35 എണ്ണത്തിലേക്കുമാണ് ഇപ്പോള് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിഡ് ടൈം തെരഞ്ഞെടുപ്പില് അവസാന പ്രചാരണവും നടത്തുകയാണ് പ്രസിഡന്റ് ജോ ബൈഡന്. ഡൊണാള്ഡ് ട്രംപ്, ബരാക് ഒബാമ, ജോര്ജ്ജ് ഡബ്ല്യു ബുഷ് എന്നീ മൂന്ന് മുന് പ്രസിഡന്റുമാരുടെ കാലത്തും ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസ് നിയന്ത്രിക്കാത്ത പാര്ട്ടിയിലേക്ക് സഭ മറിഞ്ഞു എന്നത് ഒരു വസ്തുതയാണ്.

