മുന്നാക്ക സംവരണ വിധി: പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം പത്ത് ശതമാനമാക്കിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ വലിയ പ്രതിഷേധം ഉയരവെ സാമ്ബത്തിക സംവരണ വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കേസില്‍ കക്ഷിയായിരുന്ന തമിഴ്‌നാട്, വിധി പരിശോധിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചു.

അതേസമയം, സമസ്ത അടക്കമുള്ള മുസ്സിം സംഘടനകളും നേരത്തെ വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഭേദഗതി സുപ്രീംകോടതി ശരിവെച്ചെങ്കിലും വിധി പ്രസ്താവത്തില്‍ ബെഞ്ചില്‍ നിന്ന് ഉയര്‍ന്ന നിരീക്ഷണങ്ങള്‍ ഭാവിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംഘടനകള്‍ വിലയിരുത്തുന്നത്. സംവരണത്തിന് സമയപരിധി വേണമെന്നും സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം സമൂഹത്തിന്റെ വിശാല താല്‍പര്യം കണക്കിലെടുത്ത് സംവരണത്തില്‍ പുനഃപരിശോധന ആവശ്യമെന്നുമുള്ള ജസ്റ്റിസ് ബേലാ എം ത്രിലേദിയുടെ നിരീക്ഷണങ്ങള്‍ ഭാവിയില്‍ തിരിച്ചടിയാകുമെന്നാണ് ദളിത് സംഘടനകള്‍ കരുതുന്നത്.

പൊതുവിഭാഗത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സംവരണം സാമ്ബത്തിക നില കണക്കിലെടുത്ത് മേല്‍ജാതിയില്‍ പെട്ടവര്‍ക്ക് മാത്രം നല്‍കുന്നതിനെ ചോദ്യം ചെയ്യാനാകും ഹര്‍ജിക്കാര്‍ ഇനി ശ്രമിക്കുക.