ആര്യ രാജേന്ദ്രന്റെത് അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപം; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് മുരളീധരൻ ആര്യ രാജേന്ദ്രനെതിരെ വിമർശനമുന്നയിച്ചത്. ആര്യ രാജേന്ദ്രൻ സ്ഥാനത്തുനിന്ന് രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്തിരിക്കാൻ ആര്യ രാജേന്ദ്രന് യോഗ്യതയില്ലെന്ന് അദ്ദേഹം വിമർശിച്ചു.

ആര്യ രാജേന്ദ്രന്റെത് അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപമാണ്. ഗവർണറെ കുറിച്ചും കെ മുരളീധരൻ സംസാരിച്ചു. എന്നും വിളിച്ചു പറയാവുന്ന നിലയിലേക്ക് ഗവർണർ എത്തി. ഗവർണറുടെ മാനസിക നില പരിശോധിക്കണം. മാധ്യമങ്ങളെ വിലക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ലെന്നും രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമത്തെ ഇറക്കിവിടുന്നതിനോട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സർക്കാർ വന്നതിന്റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പെൻഷൻ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു. ആനാവൂർ നാഗപ്പൻ മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേയറുടെ പേരിൽ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടു പോകാനാണ്. പങ്ക് കച്ചവടത്തിൽ വിഹിതം കിട്ടാത്തവർ ആണ് കത്ത് പുറത്താക്കിയത്. മേയർ ധിക്കാരം കുറയ്ക്കണം. മേയർ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.