തിരുവനന്തപുരം: എസ്എടിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി ആർ അനിൽ കത്ത് തയ്യാറാക്കിയിരുന്നതായി സിപിഎം കൗൺസിലർ അംശു വാമദേവന്റെ വെളിപ്പെടുത്തൽ. ചാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയിലാണ് കത്ത് തയ്യാറാക്കിയതെന്നും അതിൽ മുൻഗണന നൽകണമെന്നല്ല, കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം നഗരസഭ പാര്ലമെന്ററി സെക്രട്ടറി എന്ന നിലയില് കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല് അത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും ഡി ആര് അനില് പറഞ്ഞുവെന്ന് അംശു വാമദേവന് വ്യക്തമാക്കി.
അതേസമയം, എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനത്തിന് കത്ത് തയാറാക്കിയത് താൻ തന്നെയെന്ന് ഡി ആർ അനിൽ സമ്മതിച്ചിട്ടുണ്ട്. തനിക്ക് ധാരണ പിശക് ഉണ്ടായി. കുടുംബശ്രീ വഴി പെട്ടെന്ന് കിട്ടാനാണ് ജില്ലാ സെക്രട്ടറിക്ക് നൽകാൻ കത്ത് തയാറാക്കിയത്. പക്ഷേ താൻ കത്ത് കൊടുത്തിട്ടില്ലെന്നും പുറത്ത് വിട്ടത്തിൽ ആരോ പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പരാതി നൽകുമെന്നും പോലീസ് എല്ലാം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

