അഭിമാനം; റിസര്‍വ് ബാങ്ക് ഇനി നോട്ടടിക്കുക മലയാളി കണ്ടെത്തിയ മഷിയില്‍

തിരുവനന്തപുരം: മലയാളിയും പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനുമായ ഡോ.എ.അജയഘോഷിന്റെയും ഡോ.സി വിജയകുമാറിന്റെയും നേതൃത്വത്തിലുള്ള ടീം തിരുവനന്തപുരത്ത് പാപ്പനംകോട്ടുള്ള നാഷണല്‍ ഇന്റര്‍ഡിസിസ്‌ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വികസിപ്പിച്ച ‘പിഗ്മെന്റ്’ ഇനി നോട്ട് അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് ഉപയോഗിക്കുന്നതിന് തീരുമാനമായി. ഫ്‌ളൂറസന്റ് മെറ്റീരിയലുപയോഗിച്ച് തയ്യാറാക്കിയ പിഗ്മെന്റ്(രാസപ്പൊടി)ഉം ചില പ്രത്യേക കൂട്ടുകളുപയോഗിച്ച് തയ്യാറാക്കിയ ലായനിയും ചേര്‍ത്തുണ്ടാക്കിയതാണ് ഈ മഷി. 23 സുരക്ഷാ മുന്‍കരുതലുകളോടെ പ്രത്യേകമായി തയ്യാറാക്കിയ കോട്ടണ്‍, ലിനന്‍ മെറ്റീരിയലുപയോഗിച്ച് തയ്യാറാക്കിയ പേപ്പറാണ് ഉപയോഗിക്കുന്നത്. ഒന്‍പത് വ്യത്യസ്ത രാസമിശ്രിതത്തില്‍ യൂണിക് രീതിയില്‍ തയ്യാറാക്കിയ പിഗ്മെന്റിന്റെ ഒരു ഉത്പന്നമാണ് നോട്ടടിക്കാന്‍ ഇവിടെ ഉപയോഗിക്കുക.

അതേസമയം, നോട്ട് അച്ചടിക്കാനുള്ള പിഗ്മെന്റ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യും. രാസകൂട്ട് ലായനിയും പിഗ്മെന്റും ഇന്ത്യയില്‍ തന്നെ തയ്യാറാക്കുന്നു. ഇതോടെ നോട്ട് അച്ചടിക്കാനുള്ള ചെലവില്‍ 70ശതമാനം കുറവുണ്ടാകും. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി 2016ലാണ് നോട്ട് നിര്‍മ്മാണത്തിനുള്ള മഷിക്കൂട്ട് തയ്യാറാക്കാനുള്ള ദൗത്യം കേന്ദ്രഗവേഷണ സ്ഥാപനമായ സി.ഐ.എസ്.ആര്‍ വഴി തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നതെന്ന് പട്ടാമ്ബി ചൂരക്കോട് സ്വദേശിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ടീം ലീഡറുമായ സി.വിജയകുമാര്‍ പറഞ്ഞു. ദൗത്യം വിജയിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രമികവിനുള്ള പുരസ്‌കാരവും ടീമിന് ലഭിച്ചു.ഇവിടെ വികസിപ്പിച്ച പിഗ്മെന്റ് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നതിന് ബംഗളൂരുവിലെ വി.എച്ച്.എം.ഐ എന്ന സ്ഥാപനത്തിനാണ് ചുമതല. മഷി തയ്യാറാക്കുന്നത് മദ്ധ്യപ്രദേശിലെ ദാവോസിലുള്ള നാഷണല്‍ സെക്യുരിറ്റി പ്രസിലായിരിക്കും. മൈസൂരിലെ ആര്‍.ബി.ഐ പ്രസിലാണ് നോട്ട് അച്ചടിക്കുക.

കൊല്ലം പെരിനാട് വെള്ളിമണ്‍ സ്വദേശിയാണ് ഡോ.അജയഘോഷ്. 1988ലാണ് പാപ്പനംകോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. ഫ്‌ളൂറസന്‍സ് മെറ്റീരിയില്‍ ഗവേഷണത്തില്‍ രാജ്യത്തെ മുന്‍നിര ശാസ്ത്രജ്ഞനാണ്. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കാര്‍ത്തികേയന്‍ വേണുഗോപാല്‍, സീനിയര്‍ സയന്റിസ്റ്റുമാരായ ഡോ.ശ്രീജിത് ശങ്കര്‍, ഡോ.വി.കെ പ്രവീണ്‍, ഡോ. സാജുപിള്ള, ഡോ.ജൂബി ജോണ്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.