തിരുവനന്തപുരം കോര്‍പ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. കോര്‍പ്പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതിയ കത്ത് പുറത്തായതിനു പിന്നാലെയാണ് നടപടി.

ഈ മാസം ഒന്നിന് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി പുറത്തായതോടെയാണ് വിവാദമായത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദ വിവരം നല്‍കിയ ശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’ അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

അതേസമയം, കോര്‍പ്പറേഷനിലെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.