ന്യൂഡൽഹി: 2020-21 അദ്ധ്യയന വർഷത്തെ രാജ്യത്തെ സ്കൂളുകളുടെ പ്രകടന നിലവാര സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം. പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. കേരളം ഉൾപ്പെടെയുള്ള ഈ സംസ്ഥാനങ്ങളെല്ലാം തന്നെ സൂചികയിലെ ലെവൽ 2 വിഭാഗത്തിലാണുള്ളത്. ലെവൽ ഒന്നിലെത്താൽ ഒരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും കേരളം ഏറെ മുന്നിലാണ്. മുൻവർഷത്തെ അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റം നടത്താൻ കേരളത്തിനായെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നവകേരള നിർമ്മാണത്തിനായി കൊണ്ടുവന്ന മിഷനുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സമാനതകളില്ലാത്ത മാറ്റമാണ് നമ്മുടെ പൊതുവിദ്യാലയങ്ങളിൽ ഉണ്ടാക്കിയത്. അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തോടൊപ്പം അക്കാദമിക മികവിനും യജ്ഞം കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്ന പ്രക്രിയ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി നന്ദി അറിയിച്ചു. മഹാമാരിക്കാലത്തും പഠനപാതയിൽ ഉറച്ചുനിന്ന വിദ്യാർത്ഥികൾക്കും അവർക്ക് മാർഗനിർദേശം നൽകിയ അധ്യാപകർക്കും താങ്ങായി പ്രവർത്തിച്ച രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും അനധ്യാപക ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

