ന്യൂഡല്ഹി: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ കോണ്ഗ്രസ് നേതാക്കള് പിന്തുണയ്ക്കുന്നതില് അതൃപ്തിയറിയിച്ച് കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്ജുന് ഖര്ഗെ. ഗവര്ണറെ പിന്തുണയ്ക്കുന്ന നിലപാട് കോണ്ഗ്രസിനില്ലെന്ന് ഖര്ഗെ പറഞ്ഞു. സിപിഎം ജനറല് സെക്രട്ടറി സീതാറാം യച്ചൂരിയുമായി നടത്തിയ ചര്ച്ചയില് ഗവര്ണറെ പിന്തുണയ്ക്കില്ലെന്ന് ഖര്ഗെ വ്യക്തമാക്കുകയായിരുന്നു.
അതേസമയം, ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഫെഡറല് തത്വങ്ങള്ക്കും ഭരണഘടനയ്ക്കും എതിരാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില് വിമര്ശനവും ഉയര്ന്നിരുന്നു. സര്ക്കാരിനെ തുടര്ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്ണറോട് സമവായത്തിന്റെ പാത വേണ്ടെന്ന് ചര്ച്ചയില് പല അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഗവര്ണറുടെ നടപടികളില് രാഷ്ട്രീയമായി പ്രതിരോധം തീര്ക്കാനും കമ്മിറ്റി തീരുമാനിച്ചിരുന്നു.
എന്നാല്, ഇടതുപക്ഷ സര്ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന ഗവര്ണര്ക്കു കോണ്ഗ്രസ് നേതൃത്വം പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്കുന്നുണ്ട്. ഇക്കാര്യത്തില് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉള്പ്പെടെയുള്ളവര്ക്കു ഗവര്ണറെ പരസ്യമായി പിന്തുണയ്ക്കുന്ന സമീപനമാണ്.

