കോപ്പിയടി വിവാദം: പ്രതികരണവുമായി റിഷഭ് ഷെട്ടി

കാന്താരയിലെ ‘വരാഹ രൂപം’ എന്ന ഗാനത്തിനെതിരെ ഉയര്‍ന്ന കോപ്പിയടി വിവാദത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ റിഷഭ് ഷെട്ടി രംഗത്ത്. കാന്താരയിലെ ഗാനം കോപ്പിയടിച്ചതല്ലെന്നും തൈക്കുടം ബ്രിഡ്ജ് ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിഷഭ് ഷെട്ടി പറഞ്ഞു.

ചിത്രത്തിലെ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ കോപ്പിയടി ആരോപണവുമായി തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തിയിരുന്നു. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നായിരുന്നു ആരോപണം. വിഷയത്തില്‍ തൈക്കുടം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇതിനോടകം 200 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിക്കഴിഞ്ഞു.