പെര്ത്ത്: ലോകകപ്പ് ടി20 മത്സരത്തില് ഇന്ത്യക്ക് തോല്വി. പേസ് ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ചില് ദക്ഷിണാഫ്രിക്കക്കെതിരെ നിശ്ചിത 20 ഓവറില് 9 വിക്കറ്റിന് 133 റണ്സ് നേടാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യന് ബൗളിംഗിനു മുന്നില് ആദ്യം വിറച്ചെങ്കിലും എയ്ഡന് മാര്ക്രത്തിന്റെയും ഡേവിഡ് മില്ലറിന്റെയും അര്ദ്ധ സെഞ്ച്വറികളുടെ മികവില് അഞ്ച് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം നേടുകയായിരുന്നു.
ഒന്പത് ഓവറില് അഞ്ച് വിക്കറ്റിന് 49 റണ്സ് എന്ന നിലയില് നിന്ന് സൂര്യകുമാര് യാദവിന്റെ ഒറ്റയാള് പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സൂര്യകുമാര് യാദവിനെ കൂടാതെ രോഹിത് ശര്മ്മക്കും വിരാട് കോഹ്ലിക്കും മാത്രമേ രണ്ടക്കം കടക്കാന് കഴിഞ്ഞുള്ളൂ. സൂര്യകുമാര് 40 പന്തില് നിന്ന് 68 റണ്സ് നേടിയപ്പോള് രോഹിത് ശര്മ്മ 15 ഉം വിരാട് കോഹ്ലി 12 ഉം റണ്സ് നേടി. 29 റണ്സിന് നാലു വിക്കറ്റുകള് വീഴ്ത്തിയ ലുങ്കി എങ്കിടിയാണ് ഇന്ത്യന് മുന്നിരയെ തകര്ത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അര്ഷദ്വീപ് സിംഗ് തന്റെ ആദ്യ ഓവറില് തന്നെ ഞെട്ടിച്ചു. ക്വിന്റണ് ഡികോക്കിനേയും റിലി റോസ്സോവിനേയും അര്ഷദീപ് പുറത്താക്കി. സ്കോര് 24 ല് നില്ക്കേ ക്യാപ്ടന് ബാവുമയെ മുഹമ്മദ് ഷമി വിക്കറ്റ് കീപ്പര് ദിനേഷ് കാര്ത്തിക്കിന്റെ കൈകളില് എത്തിച്ചു. തുടര്ന്ന് ഏയ്ഡന് മാര്ക്രമും ഡേവിഡ് മില്ലറും തമ്മിലുള്ള കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ഫീല്ഡിംഗിലെ പോരായ്മയും ഇന്ത്യയുടെ തോല്വിക്ക് കാരണമായി. മില്ലറെ റണ്ണൗട്ടാക്കാനുള്ള അവസരം രോഹിത് ശര്മ്മക്ക് മുതലാക്കാനായില്ല. വിരാട് കോഹ്ലി ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു. എങ്കിലും അവസാന ഓവര് വരെ പൊരുതാന് ഇന്ത്യന് ബൗളര്മാര്ക്ക് കഴിഞ്ഞു. രണ്ടു പന്തുകള് ബാക്കി നില്ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

