ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദം ട്വിറ്റർ ഇനി തടയില്ലെന്ന് പ്രതീക്ഷിക്കുന്നു; ഇലോൺ മസ്‌കിന് അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അമേരിക്കൻ വ്യവസായി ഇലോൺ മസ്‌കിന് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനാണ് അദ്ദേഹം മസ്‌കിനെ അഭിനന്ദിച്ചത്. സർക്കാർ സമ്മർദം മൂലം ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദം ട്വിറ്റർ ഇനി തടയില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ട്വിറ്റർ ഇനി കൂടുതൽ കാര്യക്ഷമമായി വസ്തുതാ പരിശോധന (ഫാക്ട് ചെക്ക്) നടത്തുമെന്നും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം, ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു.

ഫോളോവേഴ്സിന്റെ എണ്ണം കുറച്ച് ട്വിറ്റർ തന്റെ അക്കൗണ്ടിൽ കൃത്രിമം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ നേരത്തെ ട്വിറ്ററിനെതിരെ ആരോപണം ഉയർത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി രാഹുൽ ഗാന്ധി സിഇഒ ആയിരുന്ന പരാഗ് അഗർവാളിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ ട്വിറ്റർ ഈ ആരോപണം നിഷേധിക്കുകയായിരുന്നു.