കോഴിക്കോട് മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ഇടപെടലുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവിനെ കടുത്ത പനിയെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്ക് ഉൾപ്പെടെ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കുത്തിവയ്പ്പ് എടുത്തതോടെ സിന്ധുവിന്റെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാൽ രാവിലെ രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുത്തതോടെ ആരോഗ്യനില വഷളാകുകയും പെട്ടെന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു.

തുടർന്നാണ് മരുന്ന് മാറി നൽകിയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ, മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കളുടെ ആരോപണം നിഷേധിച്ചു. രോഗിക്ക് നിർദ്ദേശിച്ചിരുന്ന പെൻസിലിൻ തന്നെയാണ് നൽകിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 304 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.