ലണ്ടൻ: തനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി യു കെ പ്രധാനമന്ത്രി ഋഷി സുനക്. നരേന്ദ്രമോദിയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വരും കാലത്ത് ഇരു രാജ്യങ്ങൾക്കും എന്ത് നേടാനാകുമെന്നതിൽ താൻ ആവേശഭരിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ചത്. താൻ പുതിയ ചുമതല ഏറ്റെടുക്കുമ്പോൾ നിങ്ങൾ പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. യു കെയും ഇന്ത്യയും വളരെയധികം അടുത്ത രാജ്യങ്ങളാണ്. സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നീ മേഖലയിൽ ബന്ധം ആഴത്തിലാക്കുമ്പോൾ മഹത്തായ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്ക് എന്ത് നേടാനാകും എന്നതിൽ താൻ ആവേശത്തിലാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, വ്യാഴാഴ്ച ഋഷി സുനക്കുമായി സംസാരിച്ചതായും അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നുവെന്നും ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നുവെന്നുമാണ് മോദി പറഞ്ഞത്.
റോഡ്മാപ്പ് 2030 നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ – യു കെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തമാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. യുകെയിലെ ഇന്ത്യൻ ജനതയ്ക്ക് അദ്ദേഹം ദീപാവലി ആശംസകൾ നേരുകയും ചെയ്തു.

