നാലു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍; പൊതു അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുമെന്നും മന്ത്രി ബിന്ദു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അധ്യയനവര്‍ഷം നാലു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുമെന്നു മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ഒരു വിഷയം ഇഷ്ടവിഷയമായി തിരഞ്ഞെടുത്ത് പഠിക്കുന്ന വിദ്യാര്‍ഥിക്ക് അഭിരുചിയുള്ള മറ്റു വിഷയങ്ങളും പഠിക്കാന്‍ കഴിയുന്ന വിധത്തില്‍ കോഴ്‌സ് ഘടന മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

‘4 വര്‍ഷ ഡിഗ്രിയുടെ ആദ്യ വര്‍ഷം അടിസ്ഥാന മൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഫണ്ടമെന്റല്‍ കോഴ്‌സുണ്ടാകും. മൂന്നു വര്‍ഷത്തെ കോഴ്‌സ് മതിയെന്നുള്ളവര്‍ക്ക് അവിടെ ഡിഗ്രി പഠനം അവസാനിപ്പിക്കാം. നാലു വര്‍ഷം തിരഞ്ഞെടുക്കുന്നവര്‍ക്ക് അവസാന വര്‍ഷം ഗവേഷണം, ഇന്റേണ്‍ഷിപ്, പ്രോജക്ട് എന്നിവയുണ്ടാകും. ഇവര്‍ക്ക് പിജി തലത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടാത്തവിധം ലാറ്ററല്‍ എന്‍ട്രി പ്രവേശനം അനുവദിക്കും. ഡിഗ്രി കോഴ്‌സിനിടെ അംഗീകൃത സ്‌കില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്രെഡിറ്റ് നല്‍കും. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെയുള്ള കാര്യങ്ങള്‍ ഏകീകരിച്ച് സര്‍വകലാശാലകള്‍ക്ക് പൊതുവായി അക്കാദമിക് കലണ്ടറും പുറത്തിറക്കും’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റു പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

• സ്വകാര്യ നിക്ഷേപം അനുവദിക്കും. മികച്ച പാരമ്പര്യമുള്ള കോളജുകള്‍ക്ക് സര്‍വകലാശാലാ പദവി നല്‍കുന്നതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.

• പിജി-പിഎച്ച്ഡി ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ആരംഭിക്കും. ഇതിനായി പിജി, പിഎച്ച്ഡി കരിക്കുലം പരിഷ്‌കരിക്കും.

• ഗവേഷണത്തിന് താല്‍പര്യമുള്ള, ജെആര്‍എഫ്, എസ്ആര്‍എഫ് ലഭിക്കാത്ത സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന 100 വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ് നല്‍കും. ഗവേഷണവുമായി ബന്ധപ്പെട്ട് എല്ലാ സര്‍വകലാശാലകളിലും പരാതിപരിഹാര സെല്‍ തുടങ്ങും.

• വികസന പദ്ധതികള്‍ക്കായി 5000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കും. സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പെടെ ശേഖരിക്കും.

• സര്‍വകലാശാലാന്തര മാറ്റം ലളിതമാക്കുന്ന തരത്തില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

• ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവുള്ള ഉത്തര മലബാറിലും മറ്റു പിന്നാക്ക മേഖലകളിലും കൂടുതല്‍ കോളജുകളും കോഴ്‌സുകളും അനുവദിക്കും.