കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നു. പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നത്. കേന്ദ്രസർക്കാരാണ് എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിൽ എൻഐഎ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ശുപാർശ നൽകിയിരുന്നു. എൻഐഎ സംഘം കഴിഞ്ഞ ദിവസം കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇവർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു അഫ്സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു.
സ്ഫോടനക്കൂട്ടുകൾ ഓൺലൈനായി ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് അഫ്സ്ഖർ ഖാന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എഴുപത്തിയാറര കിലോ സ്ഫോടക വസ്തു ചേരുവയാണ് ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇത് ഓൺലൈനായി വാങ്ങിയതാണോ എന്നാണ് പോലീസിന്റെ സംശയം. പലപ്പോഴായി വാങ്ങി സൂക്ഷിച്ചതാവാം ഇവയെന്നും പോലീസ് വിലയിരുത്തുന്നു.
ഇക്കാര്യത്തിൽ വിശദ വിവരങ്ങൾ കണ്ടെത്താൻ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിൽ വിറ്റ സ്ഫോടക വസ്തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓർഡർ ചെയ്തത്, പണം നൽകിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

