തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്നത് ഒഴികെ മറ്റ് ആവശ്യങ്ങള് എല്ലാം അംഗീകരിക്കാന് സംസ്ഥാന സര്ക്കാര് തയ്യാറെന്ന് പൊതുവിദ്യാഭ്യാസ-തൊഴില് വകുപ്പ് മന്ത്രി വി.ശിവന്കുട്ടി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്
‘ചര്ച്ചയില് ഒന്ന് പറയുകയും പുറത്തു പോയി മറ്റൊന്ന് പറയുകയുമാണ് നേതാക്കള് ചെയ്യുന്നത്. സമര സമിതി തന്നെ രണ്ടായിരിക്കുകയാണ്. പൊലീസുകാര് ഭൂമിയോളം താഴുന്നുണ്ട്. എങ്ങിനെയെങ്കിലും ഒരു കലാപം ഉണ്ടാക്കണമെന്ന നീക്കമാണ് സമരക്കാര് നടത്തുന്നത്. ദയവ് ചെയ്ത് നടക്കാത്ത കാര്യത്തിന്റെ പേരില് കലാപഭൂമിയാക്കരുതെന്ന് സമരക്കാരോട് അപേക്ഷിക്കുയാണ്. നടക്കാത്ത കാര്യത്തിന്റെ പേരില് കലാപം ഉണ്ടാക്കരുത്. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തില് സമരം അവസാനിപ്പിക്കാന് മനസുള്ളവര് സമരസമിതി നേതൃത്വത്തിലുണ്ട്. എന്നിട്ടും സമരം നിര്ത്തിവെക്കാന് തയ്യാറാകാത്തതില് ദുരൂഹതയുണ്ട്. സമരസമിതിയില് ഒരു കൂട്ടര് രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ മുന്നോട്ടുപോക്ക്. വിഴിഞ്ഞം തുറമുഖ പദ്ധതി തദ്ദേശവാസികള്ക്കടക്കം നിരവധി തൊഴില് സാധ്യതകള് ഉണ്ടാക്കുന്നതാണ്. ഭാവി തലമുറയെ കരുതിയെങ്കിലും സമരം അവസാനിപ്പിക്കണം. മത്സ്യത്തൊഴിലാളികളുടെ 7 ആവശ്യങ്ങളില് ആറെണ്ണവും സര്ക്കാര് അംഗീകരിച്ചതാണ്. ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും ഇടതുപക്ഷ ജനാധിപത്യമുന്നണിയോട് ആഭിമുഖ്യമുള്ളവരാണ്. സമരം ചെയ്യാനുള്ള എല്ലാ അവകാശവും മത്സ്യത്തൊഴിലാളികള്ക്കുണ്ട്. മത്സ്യത്തൊഴിലാളികള്ക്ക് അവകാശപ്പെട്ടതൊക്കെ നല്കണമെന്നത് തന്നെയാണ് എല്ഡിഎഫിന്റെ നിലപാട്. എല്ലാകാലത്തും മത്സ്യത്തൊഴിലാളികള്ക്ക് അര്ഹമായ ആനുകൂല്യം ഉറപ്പാക്കിയ സര്ക്കാരുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. ഇക്കാര്യം മത്സ്യത്തൊഴിലാളികള്ക്ക് അറിയാം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള് പരിഗണിച്ചുകൊണ്ട് തന്നെയാണ് മന്ത്രിതലത്തിലുള്ള ചര്ച്ചകള് നടന്നതും വിഷയത്തില് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതും. തുറമുഖ നിര്മ്മാണം നിര്ത്തിവെക്കുക എന്നത് അസാധാരണമായ ആവശ്യമാണ്.’

