ബ്രിട്ടനിലെ പ്രധാനമന്ത്രിക്കസേരയിലേക്ക് ഋഷി സുനക് എന്ന ഇന്ത്യന് വംശജനായ 42-കാരന് എത്തുമ്പോള് അത് ചരിത്രത്തിന്റെ കാവ്യനീതിയാണെന്ന് വിശ്വസിക്കുന്ന ഇന്ത്യക്കാര് ഏറെയാണ്. അദ്ദേഹം ജനിച്ചതും വളര്ന്നതും ബ്രിട്ടനിലാണ്. അതേസമയം, ആദ്യമായി ഒരു വിദേശ രാജ്യത്ത് ഭരണക്കസേരയിലിരുന്ന ഇന്ത്യന് വംശജനല്ല ഋഷി. നിലവില് മൂന്ന് രാജ്യങ്ങളില് ഇന്ത്യന് വംശജര് ഭരിക്കുന്നുണ്ട്. അമേരിക്ക, മൗറീഷ്യസ്, പോര്ച്ചുഗല്, എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന് വംശജര് ഭരണക്കസേരയിലിരിക്കുന്നത്.
കമല ഹാരിസ്
നിലവില് അമേരിക്കയുടെ വൈസ്പ്രസിഡന്റാണ് കമല ദേവി ഹാരിസ്. ഡെമോക്രാറ്റിക് പാര്ട്ടി നേതാവായ കമല യു എസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ്. 2011 മുതല് 2017 വരെ കാലിഫോര്ണിയയുടെ അറ്റോര്ണി ജനറലായിരുന്നു കമല. തമിഴ് വംശജയായ ശ്യാമള ഗോപാലനാണ് കമലയുടെ മാതാവ്. ജമൈക്കന് വംശജനായ ഡൊണാള്ഡ് ജെ ഹാരിസാണ് പിതാവ്. സ്താനാര്ബുദ രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തങ്ങള് നടത്തിയ ശാസ്ത്രജ്ഞയാണ് കാന്സര് ഗവേഷകയായ ശ്യാമള.
പ്രാവിന്റ് കുമാര് ജഗ്നോഥ്
മൗറീഷ്യസ് പ്രധാനമന്ത്രിയായ പ്രാവിന്റ് കുമാര് ജഗ്നോഥ് വിവിധ കാബിനറ്റ് പദവികള് വഹിച്ച ശേഷമാണ് പ്രധാനമന്ത്രിയായത്. മൗറീഷ്യസിലെ ലാ കവേണിലെ ഹിന്ദു അഹിര് കുടുംബത്തില് 1961-ല് പിറന്നു. പിതാവ് അനീരൂദ് ജഗ്നോഥ് അഭിഭാഷകനായിരുന്നു. സ്കൂള് അധ്യാപികയായിരുന്നു മാതാവ് സരോജിനി ബല്ല. ശാലിനി ജഗ്നോഥ് മല്ഹോത്രയാണ് ഏകസഹോദരി. ആര്യന് വേദിക് സ്കൂളില് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ശേഷം അദ്ദേഹം റോയല് കോളജ് ഓഫ് ക്യുര്പൈപ്പില് പഠനം തുടര്ന്നു. ബ്രിട്ടനിലെ ബക്കിംഗ് ഹാം സര്വകലാശാലയില്നിന്ന് നിയമബിരുദം പൂര്ത്തിയാക്കിയ ശേഷം അദ്ദേഹം അഭിഭാഷകനായി പ്രവര്ത്തനമാരംഭിച്ചു. അതിനുശേഷം ഫ്രാന്സിലെ എയിക്സ് മാര്സെലെ സര്വകലാശാലയില്നിന്നും സിവില് നിയമങ്ങളില് ഡിപ്ലോമ നേടിയതിന് ശേഷമാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.
അന്റാണിയോ കോസ്റ്റ
അന്റാണിയോ കോസ്റ്റ മൂന്നാം തവണയാണ് പോര്ച്ചുഗല് പ്രധാനമന്ത്രി പദത്തിലിരിക്കുന്നത്. ലിസ്ബണിലെ സാവോ സെബാസ്റ്റിയോവില് 1961-ലാണ് ജനനം. ഗോവയില് കുടുംബവേരുകളുള്ള എഴുത്തുകാരന് ഓര്ലാന്ഡോ ഡി കോസ്റ്റയാണ് പിതാവ്. മാധ്യമപ്രവര്ത്തകയായ മരിയ അന്റാണിയോ പല്ലയാണ് മാതാവ്. മൊസാംബിക്കിലെ മാപ്പുതോയില് ഒരു ഗോവന് കുടുംബത്തിലാണ് ഓര്ലാന്ഡോ ഡി കോസ്റ്റ പിറന്നത്. ലിസ്ബണ് സര്വകലാശാലയില്നിന്നും നിയമബിരുദം പൂര്ത്തിയാക്കിയ അന്റാണിയോ കോസ്റ്റ എണ്പതുകളിലാണ് സജീവ രാഷ്ട്രീയത്തില് ഇറങ്ങിയത്. നഗരസഭാ കൗണ്സിലില് ഡെപ്യൂട്ടി ആയിട്ടാണ് തുടക്കം. നിര്ബന്ധിത സൈനികസേവനം പൂര്ത്തിയാക്കിയ അദ്ദേഹം പിന്നീട് അഭിഭാഷകവൃത്തിയില് സജീവമായി. പിന്നീടാണ് മുഴുസമയ രാഷ്ട്രീയക്കാരനായത്. പിന്നീട് വിവിധ മന്ത്രിസഭകളില് അംഗമായതിനു ശേഷമാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.

