സ്‌കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളിക വിൽപ്പന; 5 പേർ അറസ്റ്റിൽ, സംഘത്തിൽ നഴ്സിംഗ് കഴിഞ്ഞ യുവതിയും

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന അഞ്ചുപേരെ പിടികൂടി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരും മുട്ടടയിൽ നിന്ന് മൂന്ന് പേരുമാണ് അറസ്റ്റിലായത്. മാനസികരോഗികൾക്ക് നൽകുന്ന ഗുളികകളാണ് ഇവർ വിദ്യാർഥികൾക്ക് വിറ്റിരുന്നതെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. കാരയ്ക്കാമണ്ഡപത്ത് നിന്ന് അതുൽ എസ് കുമാർ, അനീഷ് എന്നിവരെയും മുട്ടടയിൽ നിന്ന് റാഫ, ജിത്തു, അരവിന്ദ് തുടങ്ങിയവരാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് വ്യക്തമാക്കി.

സ്‌കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന സംഘങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നതായി നേരത്തെ എക്സൈസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. അറസ്റ്റിലായവരിൽ ഒരാളായ റാഫ എന്ന യുവതി നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

ഇവരാണ് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകൾ സംഘടിപ്പിക്കുന്നത്. പേരൂർക്കട ആശുപത്രിയിലെത്തി ഒ.പി. ടിക്കറ്റ് എടുത്തശേഷം റാഫ തന്നെ ഒ.പി. ടിക്കറ്റിൽ മരുന്നിന്റെ പേരുകൾ എഴുതി ചേർക്കുകയായിരുന്നു. ഡോക്ടറുടെ പേരിലുള്ള വ്യാജസീലും ഉപയോഗിച്ചാണ് ഇവർ മരുന്നുകൾ വാങ്ങിയത്. ഒരു ഗുളിക 50 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്.