ഗവർണർ നടത്തുന്നത് ആർ എസ് എസ് കുഴലൂത്തെന്ന് എം വി ഗോവിന്ദൻ; പ്രതിഷേധം ശക്തമാക്കാൻ എൽഡിഎഫ്

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും. ഗവർണർ നടത്തുന്നത് ആർ എസ് എസ് കുഴലൂത്താണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. നിലവിലെ നിയമനുസരിച്ചാണ് ഗവർണർ ചാൻസിലായതെന്നും കേരള സർവകലാശാല വൈസ് ചാൻസിലറുടെ നിയമനവും അതേ നിയമം വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈസ് ചാൻസിലറുടെ നിയമനം ശരിയല്ലെങ്കിൽ ചാൻസിലർ നിയമനവും ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു. സർവകലാശാല വിസിമാർക്കെതിരായ നടപടികളിൽ ഗവർണർക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവർണർ കേരളത്തിന് അപമാനമാണ്. ഗവർണർ പറയുന്നത് അക്ഷരം പ്രതി കേൾക്കുന്നവരെയാണ് പത്രസമ്മേളനത്തിലേക്ക് വിളിച്ചത്. ഇത് തികച്ചും ഫാസിസ്റ്റ് സമീപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ പറയുന്നത് കേൾക്കണമെന്നും തിരിച്ച് ചോദ്യം വേണ്ട, ഇഷ്ടമുള്ളവർ വന്നാൽ മതിയെന്നും പറയുന്ന ഗവർണറുടേത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിക്കുന്നു.

ഗവർണർ നടത്തുന്നത് ആർഎസ്എസ് കുഴലൂത്ത് പണിയാണ്. ആർഎസ്എസുകാർക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസം തീറെഴുതാൻ ശ്രമിക്കുന്നു. യുണിവേഴ്‌സിറ്റിയിൽ ആർഎസ്എസുകാരെ നിയമിക്കാൻ നീക്കം നടത്തുന്നുവെന്നും അതിന് വേണ്ടി പ്രൊഫസർമാരുടെ പട്ടികയെടുക്കുകയാണ് ഗവർണറെന്നും അദ്ദേഹം വിമർശിച്ചു.

ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി എൽഡിഎഫ് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കും ജെ എൻ യു അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആർ എസ് എസ് തകർക്കാൻ ശ്രമിക്കുന്നു. ഹൈദരാബാദ് സർവകലാശാലയെയും തകർക്കാൻ ശ്രമിക്കുന്നുണ്ട്. അന്ധവിശ്വാസത്തിൽ അടിമകളായവരെയാണ് ഇവിടങ്ങളിൽ വിസിമാരാക്കുന്നത്. എന്നാൽ ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വിസിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ആർ എസ് എസുകാരനാണന്ന് ഒരു മറയുമില്ലാതെ പറഞ്ഞ ഗവർണറാണിത്. അതുകൊണ്ട് ഉദ്ദേശം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കുള്ള കേരളത്തിന്റെ നടപടികളെ തടയിടാൻ പലവിധ ശ്രമങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ തീരുമാനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവർ പിപ്പിടി വിദ്യയുമായി വന്നാൽ ഭയന്ന് പിൻമാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.