‘അനാവശ്യ മെസേജുകള്‍ അയച്ചിട്ടില്ല, സ്വപ്‌ന കരുവാക്കുകയാണ്’; പാര്‍ട്ടിയോടാലോചിച്ച് നിയമനടപടിയെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ…

ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്‌സില്‍ തന്നെയായതിനാല്‍ ഓഫീസില്‍ നിന്ന് ഇറങ്ങി എന്നറിഞ്ഞാല്‍ വീട്ടിലേക്ക് സന്ദര്‍ശകര്‍ വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ ശ്രീമതി സ്വപ്നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്. ഔദ്യോഗികവസതി എത്തുന്നതിനു മുന്‍പ് പൊലീസ് കാവല്‍ ഉള്ള 2 ഗേറ്റുകള്‍ കടക്കണം, ഔദ്യാഗിക വസതിയില്‍ താമസക്കാരായ 2 ഗണ്‍മാന്‍മാരും, 2 അസിസ്റ്റന്റ് മാനേജര്‍മാരും, ഡ്രൈവര്‍മാരും, PA യും, കുക്കുമാരുമെല്ലാം ഉണ്ട്. അതിനുപുറമേ പകല്‍സമയങ്ങളില്‍ ദിവസവേതനക്കാരായ ക്ലീനിങ് സ്റ്റാഫുകള്‍, ഗാര്‍ഡന്‍ തൊഴിലാളികളും എല്ലാമുള്ളപ്പോള്‍ . ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം എനിക്കില്ല. മാത്രമല്ല ഒദ്യോഗിക വസതിയില്‍ താമസിച്ചത് എന്റെ കുടുംബത്തോടൊപ്പമാണ്. ഭാര്യയും, മക്കളും, അമ്മയും ചേര്‍ന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാന്‍ മാത്രം സംസ്‌ക്കാര ശൂന്യനല്ല ഞാന്‍. മകള്‍ പള്ളിപ്പുറം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലും, മകന്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലും ആണ് പഠിച്ചിരുന്നത്. ഭാര്യ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നതിനാലും എല്ലാവരും തിരുവനന്തപുരത്തായിരന്നു. അമ്മ പൂര്‍ണമായും എന്റെ കൂടെ തന്നെയായിരുന്നു.

കോണ്‍സുലേറ്റിന്റെ പല കാര്യങ്ങള്‍ക്കുമായി എന്റെ ഓഫീസ് മുഖേന ശ്രീമതി സ്വപ്നയെ ബന്ധപ്പെട്ടിട്ടുണ്ട് . എന്നാല്‍ UAE കോണ്‍സുലേറ്റില്‍ ഞാന്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. ആ കെട്ടിടം കണ്ടിട്ടുമില്ല. ചില ഇഫ്താര്‍ വിരുന്നുകളില്‍ കണ്ടിട്ടുള്ളതല്ലാതെ അറ്റാഷെയുമായി എനിക്ക് സൗഹൃദമില്ല. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ പോലും കൈവശമില്ല. ഒരിക്കല്‍ പോലും അദ്ദേഹത്തെ ഫോണ്‍ ചെയ്തിട്ടുമില്ല. ഒരു കോണ്‍ടാക്റ്റുമില്ലാത്ത ഒരാളുമായി ചേര്‍ന്ന് ഇടപാടുകള്‍ എന്നെല്ലാം പറയുമ്പോള്‍ അത് ക്രൂരമായ ആരോപണമാണ്. കാടടച്ച് വെടിവെക്കും പോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയുള്ള ഒരാളുടെ പുറകില്‍ രാഷ്ട്രീയ താത്പര്യം വെച്ച് പുറകെ കൂടുന്നവര്‍ ഓര്‍മ്മിക്കുക സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും ഒരുന്നാള്‍ പുറത്ത് വരിക തന്നെ ചെയ്യും. നിരുത്തരവാദപരവും നികൃഷ്ടവുമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ പ്രഭൃതികള്‍ അവര്‍ ഇതുവരെ പ്രചരിപ്പിച്ച വൈദേശിക ബന്ധങ്ങളെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചടക്കമുള്ള വാര്‍ത്തകളില്‍ സത്യത്തിന്റെ ഒരു കണിക പോലും ഉണ്ടെങ്കില്‍ പുറത്തു കൊണ്ടു വരട്ടെ.