തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസിക്കെതിരായ വിമർശനത്തെ ന്യായീകരിച്ചു കൊണ്ടാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയും കണ്ണൂർ വിസിയെ വിമർശിച്ചു. തന്റെ ഉത്തരവുകൾ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള വൈസ് ചാൻസലർ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നൽകിയത്. താൻ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാൽ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാൻ അദ്ദേഹം തയാറായില്ല. സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കേതിക സർവകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂർ സർവകലാശാല വിസിക്കും ബാധകമാണ്. വിസി തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത ഗവർണർ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. ഒൻപത് പേരുടെ മാത്രമല്ല, മറ്റു രണ്ട് വിസിമാരുടെ കാര്യവും താൻ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താൻ ഒരു അഭിഭാഷകനാണെന്നും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിർന്ന പലരിൽ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

