വാട്‌സ്ആപ്പില്‍ അയച്ച സന്ദേശം എഡിറ്റ് ചെയ്യാം

സാന്‍ഫ്രാന്‍സിസ്‌കോ: എഡിറ്റിംഗ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇതു സംബന്ധിച്ച ചില സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങള്‍ ഒരാള്‍ക്ക് ഒരു സന്ദേശം അയച്ചു കഴിഞ്ഞാല്‍ അതില്‍ വസ്തുതാപരമായ പിഴവോ, അല്ലെങ്കില്‍ അക്ഷരതെറ്റോ കടന്നുകൂടിയാല്‍ എന്ത് ചെയ്യും? ഇപ്പോഴത്തെ അവസ്ഥയില്‍ അത് ഡിലീറ്റ് ചെയ്യും. എന്നാല്‍, അത് അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കൂ. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് 15 മിനുട്ട് ആയിരിക്കും. മുന്‍പ് ഡിലീറ്റ് സന്ദേശത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച പോലെ ഭാവിയില്‍ വാട്ട്‌സ്ആപ്പ് ഈ സമയം വര്‍ദ്ധിപ്പിച്ചേക്കാം.

വാട്ട്സ്ആപ്പ് ബീറ്റ 2.22.22.14 ഇത് ബീറ്റയില്‍ എത്തുമെന്നാണ് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. എഡിറ്റ് ചെയ്തുകഴിഞ്ഞാല്‍, സന്ദേശം എപ്പോള്‍ അയച്ചുവെന്ന് കാണിക്കുന്ന ടൈംസ്റ്റാമ്ബിന് അരികില്‍ അത് മാറ്റിയതായി വ്യക്തമാക്കുന്ന ഒരു ലേബലോടെ ദൃശ്യമാകും. സന്ദേശം എഡിറ്റ് ചെയ്യുമ്‌ബോള്‍ അത് ലഭിച്ചയാള്‍ ഓഫ്ലൈനാണെങ്കില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് അടക്കം ഈ ഫീച്ചറില്‍ ചില സംശയങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. ഇത്തരം എഡിറ്റ് ചെയ്ത സന്ദേശത്തിന് എഡിറ്റിംഗ് ഹിസ്റ്ററി ലഭിക്കുമോ എന്നതിലും വലിയ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല.