തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല് സര്വകലാശാല, ശ്രീനാരായണ ഓപ്പണ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വൈസ് ചാന്സലര്മാര്ക്കും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് രാജിവെക്കാനുള്ള നോട്ടീസ് നല്കിയേക്കും. എന്നാല്, രാജിവെക്കില്ലെന്നാണ് എംജി സര്വകലാശാല വിസിയുടെ നിലപാട്.
ഗവര്ണര്ക്കെതിരെ നിയമപരമായി നീങ്ങാനാണ് നോട്ടീസ് ലഭിച്ച ഒന്പത് വിസിമാരുടേയും തീരുമാനം. അതിനാല്, വൈസ് ചാന്സലര്മാര് ആരും ഇതുവരെ രാജിക്കത്ത് നല്കിയിട്ടില്ല. സംസ്ഥാന സര്ക്കാര് കക്ഷിയല്ലാത്തതിനാല് സ്വന്തം നിലയ്ക്കാവും വിസിമാര് കോടതിയെ സമീപിക്കുക.
അതേസമയം, വിസി മാര് രാജി വെക്കേണ്ടേ എന്നാണ് സര്ക്കാരിന്റെ നിര്ദ്ദേശം. എന്നാല്, രാജിയില്ലെങ്കില് ഒന്പത് പേരെയും രാജ് ഭവന് ഇന്നു തന്നെ പുറത്താക്കും. പുതിയ വിസി മാരുടെ ചുമതല സീനിയര് പ്രൊഫസര്മാര്ക്ക് നല്കാനാണ് സാധ്യത. രാജി വെക്കാന് ഗവര്ണ്ണര് നിര്ദേശിച്ച 9 പേരില് ഉള്പ്പെട്ട കേരള വി സി യുടെ കാലാവധി ഇന്നു തീരുന്നതാണ്. ആരോഗ്യ സര്വകലാശാല വി സി ക്ക് കേരളയുടെ ചുമതല നല്കിയേക്കും.

