തിരുവനന്തപുരം: സംസ്കൃത സർവ്വകലാശാല വിസി നിയമനത്തിലും മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന് ആരോപണം. ആറു സീനിയർ പ്രൊഫസ്സർമാരെ ഒഴിവാക്കി സെർച്ച് കമ്മിറ്റി പാനലിൽ ഒരു പേര് മാത്രമാണ് ശുപാർശ ചെയ്തതെന്നായിരുന്നു ഉയർന്നു വന്ന ആരോപണം. സെർച്ച് കമ്മിറ്റി പാനലിലും മാനദണ്ഡം പാലിച്ചില്ലെന്ന ആരോപണവും ശക്തമാണ്.
ഡോ:എം.വി. നാരായണന്റെ പേര് മാത്രമായിരുന്നു സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. ആറ് സീനിയർ പ്രൊഫസ്സർമാരെ ഒഴിവാക്കിയുള്ള സെർച്ച് കമ്മിറ്റി റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃത ഡീൻ ഉൾപ്പടെയുള്ള സീനിയർ പ്രൊഫസർമാരുടെ ചുരുക്കപട്ടിക തയ്യാറാക്കിയ ശേഷമാണ് ഒരു പേര് മാത്രമായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. സംസ്കൃത സർവകലാശാലയുടെ ചുരുക്കപട്ടികയിൽ കാലിക്കറ്റ്, കുസാറ്റ് സർവ്വകലാശാല വിസി നിയമനങ്ങൾക്ക് നേരത്തെ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പാനലിലുള്ളവരും ഇടം നേടിയിരുന്നു. പക്ഷേ ഇവരും ഒഴിവാക്കപ്പെട്ടു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ: വി. കെ. രാമചന്ദ്രൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ: രാജൻ ഗുരുക്കൾ, കാളിദാസ, സംസ്കൃത വിശ്വവിദ്യാലയം വൈസ് ചാൻസലർ പ്രൊഫ: ശ്രീനിവാസ് വരഖേദി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.
അതേസമയം, സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ: രാജൻ ഗുരുക്കൾ സെർച്ച് കമ്മിറ്റിയിൽ അംഗമായതും യൂജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

