മെല്ബണ്: ട്വന്റി 20 ലോകകപ്പില് പാകിസ്താനെതിരെ ഇന്ഡ്യയ്ക്ക് നാല് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 159 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ഡ്യ അവസാന പന്തില് ആറ് വിക്കറ്റ് നഷ്ടത്തില് വിജയം സ്വന്തമാക്കി.
ഇന്ഡ്യ പരാജയപ്പെടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില് രക്ഷകനായത് വിരാട് കോഹ്ലിയാണ്. കോഹ്ലി 53 പന്തില് 82 റണ്സുമായി തകര്പ്പന് പ്രകടനം കാഴ്ച വെച്ചതോടെയാണ് മത്സരം ഇന്ഡ്യയുടെ വരുതിയിലായത്. ഹര്ദിക് പാണ്ഡ്യ 40 റണ്സെടുത്ത് മികച്ച പിന്തുണ നല്കി. കോഹ്ലിയും പാണ്ഡ്യയും തമ്മിലുള്ള 113 റണ്സിന്റെ കൂട്ടുകെട്ട് പാകിസ്താനെതിരെ ടി20യില് ഏതൊരു വിക്കറ്റിലെയും ഇന്ഡ്യയുടെ ഏറ്റവും ഉയര്ന്ന കൂട്ടുകെട്ടാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 159 റണ്സെടുത്തു. പാകിസ്താനുവേണ്ടി 42 പന്തില് 52 റണ്സുമായി ഷാന് മസൂദ് പുറത്താകാതെ നിന്നു. അതേസമയം ഇഫ്തിഖര് അഹ്മദ് 34 പന്തില് 51 റണ്സെടുത്തു. ഇന്ഡ്യയ്ക്കായി അര്ഷ്ദീപ് സിങ്ങും ഹാര്ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

