രാജി വെയ്ക്കാൻ ആവശ്യപ്പെട്ടത് അസാധാരണ നടപടി; ഗവർണറുടെ നീക്കത്തിൽ പ്രതികരണവുമായി കണ്ണൂർ വിസി

കണ്ണൂർ: രാജിവെയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. രാജിവയ്ക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം അദ്ദേഹം തള്ളി.

രാജി വെയ്ക്കാൻ ആവശ്യപ്പെട്ടത് അസാധാരണ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക തിരിമറിക്കും പെരുമാറ്റ ദൂഷ്യവും ഉണ്ടെങ്കിലെ ഗവർണർക്ക് രാജി ആവശ്യപ്പെടാനാവു. അതിന് മുമ്പ് വിസിയോട് വിശദീകരണം തേടണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഗവർണറുടെ നടപടിയിൽ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസി പ്രതികരിച്ചത്. 9 സർവ്വകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമർപ്പിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, മലയാളം സർവ്വകലാശാല തുടങ്ങിയവിടങ്ങളിലെ വൈസ് ചാൻസർമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. വിസിമാർ നാളെ 11.30 ന് രാജിക്കത്ത് രാജ് ഭവനിൽ എത്തിക്കണമെന്നാണ് ഗവർണറുടെ അന്ത്യശാസനം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടിയെന്നും രാജ്ഭവൻ വിശദമാക്കി. 5 വിസിമാർ ഒറ്റപേരിലുള്ള ശുപാർശയിൽ നിയമിച്ചവരാണ്. 4 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടിയിരുന്നു.