തിയേറ്ററുകളില്‍ കൈയടി നേടി ‘കാന്താര’ മുന്നേറുന്നു

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടി മുന്നേറുകയാണ്. കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനു പിന്നാലെ മറ്റു ഭാഷാ പതിപ്പുകളും തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരു വാരം കൊണ്ട് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

1.27 ഓപണിംഗുമായി തുടങ്ങിയ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത് 15 കോടിയാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഏറ്റവുമധികം കളക്ഷന്‍. 3.50 കോടി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് തിയേറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. ആദ്യ 11 ദിനങ്ങളില്‍ നിന്ന് 60 കോടി നേടിയ ചിത്രം കര്‍ണാടകത്തിന് പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ഇതുപ്രകാരം തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ കഴിഞ്ഞ വാരാന്ത്യം തിയേറ്ററുകളിലെത്തി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. റിഷഭ് ഷെട്ടി തന്നെ നായകനുമാവുന്ന ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.