അലർജി പ്രശ്നങ്ങളുണ്ടോ; ഇക്കാര്യം ശ്രദ്ധിക്കൂ….

പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് അലർജി. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടതുണ്ട്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി.

പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. അലർജിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടോ?

വളർത്തുമൃ​ഗങ്ങൾ വീട്ടിലുണ്ടെങ്കിൽ നിങ്ങൾക്ക് അലർജിയുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവയുടെ രോമം, മൂത്രം, തുപ്പല്‍ എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കിടപ്പ് മുറികൾ തുടങ്ങി അടുക്കള വരെ ഇവ ഓടി നടക്കും. അങ്ങനെ വരുമ്പോൾ ഇവയുടെ രോമങ്ങൾ എല്ലായിടത്തും ഉണ്ടാകും. കൃത്യമായ ഇടവേളകളിൽ വളർത്ത് മൃ​ഗങ്ങളെ വൃത്തിയാക്കണം. ദിവസവും വീട് വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. വളര്‍ത്ത് മൃഗങ്ങളുമായി അടുത്ത് ഇടപഴകിയാല്‍ കൈയും കാലും കഴുകാനും മറക്കരുത്.

പുസ്തകങ്ങളിലെ പൊടി

പൊടിയില്‍ നിന്ന് വളരുന്ന സൂക്ഷ്മ ജീവികള്‍, ഫംഗസുകള്‍ എന്നിവ പുസ്തകങ്ങളില്‍ വളരെയധികം ഉണ്ടാകാറുണ്ട്. ഇവ തുടച്ച് വൃത്തിയാക്കി വയ്ക്കുകയും പുസ്തകത്തില്‍ ഈര്‍പ്പം തട്ടാതെ നോക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

ഫ്ലോർ മാറ്റ്/പരവതാനി

വീടിനുള്ളിൽ നമ്മൾ മാറ്റ് ഉപയോ​ഗിക്കാറുണ്ട്. ഇവയിൽ പൊടി അടിഞ്ഞ് കൂടാറുണ്ട്. കാർപ്പറ്റുകളിൽ അടിഞ്ഞ് കൂടുന്ന പൊടി അലർജിക്ക് കാരണമാകും. അലര്‍ജി ഉണ്ടാക്കുന്ന തരത്തിലുള്ള ചെറു ജീവികളും സൂക്ഷമാണുക്കളും മാറ്റിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പൊടിയിൽ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വാക്വം ക്ലീനര്‍ ഉപയോഗിച്ച് കാര്‍പെറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

എസി/എയർ കണ്ടീഷണർ

എസി ഉപയോ​ഗിക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. എസി ഡക്ടുകളില്‍ പൊടി വരാൻ തുടങ്ങിയാല്‍ അത് ഫംഗസ് ഉണ്ടാകാന്‍ കാരണമാകുന്നു. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ എസി വൃത്തിയാക്കണം.