തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക് എന്നിവർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ ലൈംഗിക ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമെതിരെയും സ്വപ്ന ലൈംഗികാ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊച്ചിയിൽ വച്ച് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്ന് സ്വപ്ന പറയുന്നു. എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രൻ. ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് അയാൾ. കടകംപള്ളി സുരേന്ദ്രൻ തന്നെ കയറിപ്പിടിച്ചു. ഫോണിൽ കൂടി മോശമായി സംസാരിച്ചുവെന്നും സ്വപ്ന ആരോപിക്കുന്നു.
മുൻമന്ത്രി തനിക്ക് സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. പ്രതികരിച്ചപ്പോൾ മന്ത്രിക്ക് പിന്നീട് ദേഷ്യമായി. മുൻ ധനമന്ത്രി തോമസ് ഐസകും തന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. എന്നാൽ, തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. ഇത്തരത്തിൽ സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.
ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്ന ആരോപിക്കുന്നു.

