എംപിമാർക്ക് വിഐപി പരിഗണന നൽകണമെന്നുള്ള വിവാദ ഉത്തരവ് പിൻവലിച്ച് എയിംസ് ആശുപത്രി

ന്യൂഡൽഹി: എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എയിംസ് ആശുപത്രി പിൻവലിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ആശുപത്രി അധികൃതർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒരു എംപി ചികിത്സ തേടിയാൽ ബന്ധപ്പെട്ട വകുപ്പ് തലവൻ തന്നെ അഡ്മിഷൻ അടക്കമുളള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നത് ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങളാണ് എയിംസ് ആശുപത്രി പിൻവലിച്ചത്.

ഡോക്ടർമാരുടെ സംഘടനയായ ഫൈമ വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു. സാധാരണക്കാരായ രോഗികളോടുള്ള അനീതിയാണിതെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. തീരുമാനം പിൻവലിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ഫോഡ എന്ന സംഘടനയും വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ചികിത്സയ്ക്കായി എംപിമാരെത്തിയാൽ ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർ ബന്ധപ്പെട്ട വകുപ്പിൽ അപ്പോയ്ൻമെന്റ് എടുത്ത് നൽകണം, കിടത്തി ചികിത്സയാണെങ്കിൽ വിവരങ്ങൾ അപ്പപ്പോൾ സൂപ്രണ്ടിനെ അറിയിക്കണം തുടങ്ങിയവയായിരുന്നു എയിംസ് ആശുപത്രി പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറഞ്ഞിരുന്നത്.