ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് വിഡ്ഡി വേഷം കെട്ടുന്നു; ഗവർണർക്കെതിരെ വിമർശനവുമായി കാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തെ പൗരബോധമുള്ള ജനങ്ങൾക്ക് മുന്നിൽ ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് വിഡ്ഡി വേഷം കെട്ടുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കാനാണ് ഗവർണറായി ഇരിക്കുന്നതെന്നാണ് കാനം ചൂണ്ടിക്കാട്ടി. അസോസിയേഷൻ ഓഫ് ലോയേഴ്‌സ്( ഐഎഎൽ) രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച ‘അഭിഭാഷകർ ഗവർണറെ ഭരണഘടന പഠിപ്പിക്കുന്നു’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭരണഘടനാപരമായ പദവിയാണ് ഗവർണർ പദവി. ഗവർണറുടെ കടമകൾ എന്താണെന്ന് ഭരണഘടനയുടെ 153 മുതൽ 164-ാം അനുച്ഛേദങ്ങൾ നിർവചിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും ഉൾപ്പെടാത്ത അധികാരങ്ങൾ ഉണ്ട് എന്ന് ഗവർണർ ഭാവിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ ബാധ്യതയുള്ള ഗവർണർ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ പലനടപടികളും സ്വീകരിക്കുന്നുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.

സർവകലാശാല നിയമം കേരള നിയമസഭയുടെ ഉത്പ്പന്നമാണ്. കേരള നിയമസഭ പാസാക്കുന്ന സർവകലാശാല നിയമത്തിലാണ് ചാൻസലറായി ഗവർണറെ വച്ചിരിക്കുന്നത്. കേരള നിയമസഭയ്ക്ക് ഏതുസമയത്തും ആ നിയമം ദേഭഗതി ചെയ്യാനും അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് പുറത്താക്കാനും അവകാശമുണ്ടെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.