കേരള സർവകലാശാല സെനറ്റിൽ നിന്നു നീക്കിയവർക്ക് പകരം പുതിയ അംഗങ്ങളെ നിയമിക്കരുത്; ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടിയിൽ ഇടപെട്ട് ഹൈക്കോടതി. കേരള സർവകലാശാല സെനറ്റിൽ നിന്നു നീക്കിയവർക്ക് പകരം പുതിയ അംഗങ്ങളെ നിയമിക്കരുതെന്നാണ് ഗവർണർക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്ന് ഗവർണർ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.

കേരള സർവകലാശാല സെനറ്റ് അംഗങ്ങളിൽ ചാൻസലറുടെ നോമിനികളായ 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചത്. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാൻ കാരണമായത്. ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ കത്ത് നൽകുകയയും ചെയ്തിരുന്നു.

ഗവർണർ പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളും കൂടിയാണ്. വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ച ചെയ്യാനാണ് കഴിഞ്ഞ ദിവസം യോഗം വിളിച്ചു ചേർത്തത്.