നികുതിയില്ല; ഐഎസ്എല്‍ അധികൃതര്‍ക്കെതിരെ കൊച്ചി നഗരസഭ

കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് വിനോദ നികുതിയടക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ രണ്ട് നോട്ടീസുകള്‍ക്കും ഐഎസ്എല്‍ അധികൃതര്‍ മറുപടി നല്‍കാത്തതിനാല്‍ നടപടിക്കൊരുങ്ങി കൊച്ചി നഗരസഭ. നാല്‍പത്തിയെട്ട് മണിക്കൂറിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് നഗരസഭയുടെ മുന്നറിയിപ്പ്

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 10 മത്സരങ്ങളാണ് നടക്കുന്നത്. 8.5 ശതമാനം വിനോദ നികുതി പ്രകാരം നഗരസഭക്ക് ഭീമമായ തുകയാണ് കിട്ടേണ്ടത്. ഇത് പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആധികൃതര്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 35,000ത്തിലധികം കാണികള്‍ കലൂരില്‍ എത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത് പ്രകാരം നഗരസഭക്ക് കിട്ടേണ്ട നികുതി തുക അടയ്ക്കാനാണ് നിര്‍ദേശം.

അതേസമയം, വിനോദ നികുതിയുടെ കാര്യം സൂചിപ്പിച്ച് ഒക്ടോബര്‍ മൂന്നിന് നോട്ടീസ് നല്‍കിയെങ്കിലും ഐഎസ്എല്‍ അധികൃതര്‍ പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കിയത്. ഇതിനിടെ നികുതിയടക്കാന്‍ ഐഎസ്എല്ലിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം ഉടമകളായ ജിസിഡിഎക്ക് നഗരസഭ നല്‍കിയ കത്തിനും മറുപടിയുണ്ടായില്ല.