ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’

തിരുവനന്തപുരം: 2021ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും.

അതേസമയം, കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള പുരസ്‌കാരവും ഉടല്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ദുര്‍ഗാ കൃഷ്ണ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.

നായാട്ട് എന്ന ചിത്രത്തിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായി. നടന്‍ സുരേഷ് ?ഗോപിക്ക് ക്രിട്ടിക്‌സ് ജൂബിലി അവാര്‍ഡും സംവിധായകന്‍ ജോഷിക്ക് ചലച്ചിത്രരത്‌നം പുരസ്‌കാരവും നല്‍കും. രേവതി, ഉര്‍വശി, ബാബു നമ്ബൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നേടി. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.