വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്

തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ച് വാവ സുരേഷിന് ഗുരുതര പരിക്ക്. തിരുവനന്തപുരം കിളിമാനൂരിന് സമീപത്തുവച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

വാവ സുരേഷിന് മുന്നില്‍ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയില്‍ ഇടിക്കുകയും പിന്നില്‍ വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തില്‍ ദിശ മാറി സഞ്ചരിച്ച വാവ സുരേഷിന്റെ കാറിലേക്ക് എതിര്‍ ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും കാറിന്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

വാവ സുരേഷിന്റെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് വാവ സുരേഷ്.